സ്ക്രീനിലെ പരിശുദ്ധൻ*
സമയം പുലർച്ചെ എട്ട് കഴിഞ്ഞു. ഫെയ്സ് ബുക്ക് നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് അവന്‍ ഉണര്‍ന്നു.പാതി കണ്ണുമായി ചുറ്റുഭാഗവും തപ്പി തന്റെ സ്മാര്‍ട്ട് ഫോണെടുത്ത് അതിന്റെ കണ്‍പോള തുറന്നു . അപ്പോഴേക്കുംതൊണ്ണൂറ്റൊമ്പതാം സന്ദേശവും
ചാറ്റു വരിയില്‍ ഇടം പിടിച്ചിരിക്കുന്നു.ആദ്യം കണ്ട ചാറ്റില്‍ നിന്നും കിട്ടിയ 'ഗുഡ്മോണിംഗും''ചായ കോപ്പയും'പകര്‍ത്തി എടുത്ത് മറ്റു കൂട്ടുക്കാർക്ക് ഓൺലൈനിൽ ചായ സൽക്കാരവും നടത്തി .പ്രദര്‍ശന പാളി മുകളിലോട്ട് തള്ളിനീക്കുന്നതിനിടെ എതിരെ വന്ന പോസ്റ്റുകളെ ലൈക്കിയും ഇളി ചിത്രങ്ങൾ പങ്കുവെച്ചും അവന്‍ അന്നത്തെ പ്രഭാത മുറകൾ പൂർത്തിയാക്കി .
ഞായറാഴ്ച്ചയായത് കൊണ്ട് ഉപ്പാന്റെ വക തൊടിയില്‍ വല്ല പണിയും കാണും.'നാശം!'. മുബൈൽ അരക്കെട്ടിൽ ഭദ്രമായി വെച്ച് തൂമ്പയും പേറി അവന്‍ പറമ്പിലേക്ക് നടന്നു.കഴിഞ്ഞ ഞായറാഴ്ച വെച്ച കമുകിന്‍ തൈക്ക് തടം കെട്ടി നനച്ചുകൊടുത്തു.ശേഷം ഒരു പിക്കും,ചിത്രത്തിന്റെ നെറ്റിയില്‍ 'faming' എന്നു ചാര്‍ത്തി.
വീട്ടിലെത്തേണ്ട താമസം അമ്മവന്റെ വിളി,"വല്ല്യുപ്പ അസ്പത്രീലാണ്,ഒന്നു പോയി കാണണം”.ദേഷ്യം വാരിയെല്‍ക്കൂട് പൊട്ടിച്ച് അസഭ്യങ്ങള്‍ പുറത്തേക്ക് വിസര്‍ജ്ജിച്ചു. "traveling to hospital' എന്ന് സ്റ്റാറ്റസ് പുതുക്കി അവൻ ആശുപത്രി ലക്ഷ്യമാക്കി നടന്നു.വഴിയിൽ നിരന്തരം വട്സാപ്പ് മാക്രിയുടെ ഈളിനാദ ഫോണിൽ നിന്നും പുറത്തേക്ക് ചാടി.
ഉപ്പാനെ കണ്ടു, വേണ്ട ശുശ്രൂഷ നൽകിയതിന് ശേഷം മടങ്ങാനിരിക്കെ സ്നേഹത്തോടെ ഉപ്പ കയ്യിൽ തന്ന
ക്യാഷുമായി അവൻ തൊട്ടടുത്ത മുബൈൽ ഷോപ്പിലേക്ക് കയറി.അന്ന് തീരാനിരുന്ന നെറ്റ് ബാലൻസ് പുതുക്കി.
വഴിയരികിൽ നിന്ന് പോപ്കോൺ വാങ്ങി വീട്ടിലേക്ക് തിരിച്ചു.യാത്രാ ക്ഷീണം പറഞ്ഞ് കിടപ്പുമുറിയിൽ കയറി സുഹൃത്തുക്കളുടെ ഫെയ്സ് ബുക്ക് സ്റ്റാറ്റസുകൾ പരതിക്കൊണ്ടിരിക്കെ ഉമ്മയുടെ വിളി കേട്ടതും Studiying don't disturbe എന്ന് സ്റ്റാറ്റസ് പുതുക്കി.അതിൽ വന്ന പ്രതികരണങ്ങളിൽ ആദ്യത്തേത് 'നീ ഒരു മാതൃക വിദ്യാർത്ഥി' എന്നായിരുന്നു
✍🏻 *റഷീദ് ബിൻ മുസ്തഫ*